Followers

Wednesday, May 23, 2018

വിഗതവനം



     
1.  വിപിനമതിമോഹനം
     വിജന,സുഖദായകം
2.  വിസരഘനഭൂരുഹം  
     വിചലദലമർമ്മരം 
3.  വികച,ഋതുശോഭിതം 
     വിദളസുമസുന്ദരം 
4.  വികിരശുഭകൂജനം 
     വിയുതഭയവിശ്വകം 
5.  വിലസുമനിലൻ ചിരം 
     വിതറുമഗസൗരഭം 
6.  വിഗരഹിമവിദ്രുതം  
     വിമലസലിലാകരം 
7.  വിവിധമയഹാരിതം 
     വിഹിതസുഖശീതളം 
8.  വിപുലവനവൈഭവം 
     വിദയമരിയും ജനം 
9.  വിഗതവനരക്ഷണം
     വിഭുതമതിലക്ഷണം 

------------------------------------------------------------------------------------------------

ടിപ്പണി 
[വിഗതവനം=പൊയ്പോയ വനം,വിപിനം=കാട് ,
വിജനം=ഏകാന്തം, വിസരം= കൂട്ടം, ഭൂരുഹം=വൃക്ഷം, വിചല=ചപല, ദലമർമ്മരം=ഇലകൾ ഇളകുന്ന ശബ്ദം, 
വികചം = പൂത്തുനിൽക്കുന്ന മരം,  വിദളം =വിടർന്നത്, വികിരം =പക്ഷി, വിയുത =കൂടാതെ , വിശ്വകം= മൃഗസമൂഹം, അനിലൻ=കാറ്റ് , അഗം=വൃക്ഷം, വിദ്രുതം=ഉരുകിയത്, സലിലം=ജലം, ആകരം=രത്നഖനി, ഹാരിതം=പച്ചനിറം,  വിഹിത=കൂടിയ,   ശീതളം=തണുത്തത്, 
വിപുലം= സമൃദ്ധം, വിദയം=ദയകൂടാതെ, വിഗതം=പോയ്‌പ്പോയത്, രക്ഷണം=രക്ഷിക്കൽ, വിഭുത=മഹത്തായ, മതി=ബുദ്ധി]    
------------------------------------------------------------------------------------------------

സംഗ്രഹം  
  1. അതിയായി മോഹിപ്പിക്കുന്നതും, സുഖമുള്ള  ഏകാന്തത നൽകുന്നതുമായ കാട്. 
  2. ഇടതിങ്ങിയ മരകൂട്ടങ്ങളും അവയുടെ ചപലമായ ഇലകൾ പുറപ്പെടുവിക്കുന്ന മർമ്മരവും ഉള്ളയിടം.
  3. മാറിവരുന്ന ഋതുക്കളെ ശോഭിതമാക്കുമാറ് പൂത്തുനിൽക്കുന്ന മരങ്ങൾ ഉള്ളയിടം.  
  4. പക്ഷികൾ ശുഭസൂചകമായി കൂജനം ചെയ്യുകയും, മൃഗസമൂഹം ഭയം കൂടാതെ വിഹരിക്കുകയും ചെയ്യുന്നയിടം.
  5. വിലസിനടക്കുന്ന കാറ്റ് സദാ വൃക്ഷങ്ങളുടെ സൗരഭം വിതറുന്നയിടം.
  6. പർവ്വതങ്ങളിൽനിന്ന് ഹിമം ഉരുകിവീണ വിമലമായ ജലാശയങ്ങളാകുന്ന രത്നഖനികൾ നിറഞ്ഞയിടം.
  7. വിവിധങ്ങളായ പച്ചനിറങ്ങൾ കൂടിക്കലർന്നതും, സുഖകരമായ തണുപ്പുള്ളതുമായയിടം.
  8. സമൃദ്ധമായ ഈ വനസമ്പത്ത് ഒരു ദയയുമില്ലാതെ നശിപ്പിക്കുന്ന മനുഷ്യർ.
  9. പൊയ്‌പ്പോയ വനങ്ങളെ രക്ഷിക്കൽ മഹത്തായ ബുദ്ധിയുടെ ലക്ഷണമാണ്.

Wednesday, May 9, 2018

വരിക വാർത്തിങ്കളേ... (കുട്ടിക്കവിത)

മാനത്തുലാത്തുന്ന വാറൊളിത്തിങ്കളേ
താഴത്തു പോരുവാന്‍ മോഹമില്ലേ?
ചേലൊത്ത ഭൂമിയെ ദൂരത്തുനിന്നു 
കൊതിയ്ക്കാതെ ചാരത്തു വന്നുനില്‍ക്കൂ.
പൂനിലാവിന്‍ കുടം തേച്ചുമിനുക്കി നീ
പോരുകില്‍ പൈമ്പാല്‍ നിറച്ചുനല്കാം,
താരസതീര്‍ത്ഥ്യരെപ്പോലുള്ള വെണ്മുല്ല-
ത്താരുകളെക്കൂട്ടു തന്നയയ്ക്കാം,
നിന്‍ മേനി മൂടും തണുപ്പു തോല്‍ക്കും നല്ല
പാല്‍നുരച്ചോലയില്‍ മുങ്ങിനീന്താം,
വെണ്‍നിശാപുഷ്പങ്ങള്‍ തൂകും നറുമണ-
മാകെനിന്‍ മേനിയില്‍ പൂശിനില്‍ക്കാം,
ഞങ്ങളോടൊത്തൊരാ വിണ്ണിനെ നോക്കിയീ 
ഭൂമിയില്‍ നിന്നുമശംസ ചൊല്ലാം...
പോരുമോ താഴെ പൊന്നമ്പിളീ വെണ്‍കതിര്‍
ചോരും നിലാക്കുടം കയ്യിലേന്തി?

Saturday, May 5, 2018

ലോകചിരിദിനം

05-05-2018 
നാളെ ലോകചിരിദിനം.
മെയ് 5 
നാളെ ലോകചിരിദിനം.

ചിരി... അതെത്ര ഉദാത്തമാണ്!  ദൈവം തൻറെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞുനല്കിയിരിക്കുന്ന അപൂർവ്വസിദ്ധി. (മറ്റുള്ള ജീവജാലങ്ങളും ചിരിക്കുന്നുണ്ടാകാം. നമുക്ക് മനസ്സിലാകുന്ന ഭാവഹാവാദികളോടെയല്ലായിരിക്കാം അവരുടെ ചിരി.) എന്നിരുന്നാലും മനുഷ്യൻറെ ചിരിക്കാനുള്ള കഴിവ് - അത് എടുത്തുപറയണ്ട ഒന്നുതന്നെയാണ്.  അങ്ങനെയൊരു മഹത്തായ സിദ്ധി കൈവശമുള്ള മനുഷ്യൻ അതുകൊണ്ട് എന്താണ് ചെയ്യുന്നത്? 
കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്കമായി ചിരിക്കാൻ കഴിയുന്ന മുതിർന്ന മനുഷ്യർ എത്രപേർ ഉണ്ടാകും? അത്തരം മനുഷ്യർ തീർച്ചയായും ലോകനന്മയ്ക്ക്  മുതൽക്കൂട്ടാണ്. 

ഒരു ചെറുചിരി കൊണ്ട് പരിഹരിക്കാനാകുന്ന എത്രയെത്ര പുകയുന്ന മാനസികവ്യഥകൾ നമുക്കോരോരുത്തർക്കും ഉണ്ടാകാം? പരസ്പരം മുഖത്തോടുമുഖം നോക്കി കളങ്കമില്ലാതെ, മടിയില്ലാതെ, മറയില്ലാതെ, പിടിവാശിയില്ലാതെ, മുൻവിധികളില്ലാതെ, 
ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലാതെ  ആത്മാർത്ഥമായി ചിരിച്ചാൽ തീരാത്ത പിണക്കങ്ങളുണ്ടോ ഈ ലോകത്തിൽ?  പിണക്കം തീർന്ന മനസ്സ് എത്ര ശാന്തമാണ്! 

ചിരിക്കാനുള്ള കഴിവ് ഒരു വരദാനമാണ്. അത് നന്മയിൽ നിന്ന് ഉദയം ചെയ്യേണ്ടതാണ്. മറ്റൊരുവനെ പറ്റിച്ചും അപഹസിച്ചുമുള്ള ചിരി, അശ്ലീലത്തിൽ നിന്നുയരുന്ന ചിരി, ക്രൂരതയിൽ നിന്നും പകയിൽ  നിന്നുമുയരുന്ന ചിരി, കള്ളത്തരത്തിൽ നിന്നുയരുന്ന ചിരി,  പണക്കൊഴുപ്പിൽ നിന്നും ആർഭാടങ്ങളിൽ  നിന്നും, അമിതാവേശത്തിൽ നിന്നും  ഉയരുന്ന ചിരി, അധികാരത്തിമിർപ്പിൽ നിന്നുയരുന്ന ചിരി, പ്രശസ്തിയിലും നേട്ടങ്ങളിലും  മതിമറന്നുള്ള ചിരി,  വിവേകവും വകതിരിവുമില്ലായ്മയിൽ നിന്നുയരുന്ന ചിരി, വിവിധലഹരികളിൽ നിന്നും വിഷയാസക്തിയിൽ നിന്നും ഉയരുന്ന ചിരി... ഇത്തരം ചിരികളെല്ലാം ഭാവിയിൽ  നമ്മളേയോ നമ്മുടെ സന്തതിപരമ്പരകളേയോ  തീർച്ചയായും കരയിപ്പിക്കുകതന്നെ ചെയ്യും. നമ്മുടെ ചിരി ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളതാണോ എന്ന് നമ്മൾ വിചിന്തനം ചെയ്യുകയും അങ്ങനെയാണ് എങ്കിൽ ഇവയിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്യേണ്ടതുണ്ട്. 

ഏത് രോഗവും മാറ്റാൻ കെൽപ്പുള്ള ദിവ്യൗഷധം കൈവശമുണ്ടായിട്ടും മാറാവ്യാധിക്ക് മരുന്നന്വേഷിച്ചലയുന്ന രോഗിയെപ്പോലെ ചിരി എന്ന ദിവ്യശേഷി കൈമുതലായ നമ്മൾ സുഖം, സന്തോഷം, സമാധാനം എന്നിവ തേടി ജീവിതകാലം  മുഴുവൻ അലയുന്നു.  ഒരു ശിശുവിൻറെ ചിരി പോലെ നിർമ്മലമായ ചിരിയാണ്  ദൈവം നമുക്ക് നൽകിയത്. അതിലേക്ക് കാലക്രമേണ നമ്മുടെ ഇന്ദ്രിയങ്ങൾ കടത്തിവിടുന്ന മാലിന്യങ്ങളെ നമ്മൾ അരിച്ച്മാറ്റിക്കൊണ്ടിരുന്നാൽ അതെന്നും നമുക്ക് സമാധാനം നല്കിക്കൊണ്ടിരിക്കും.

ആരേയും വേദനിപ്പിക്കാതെ  നിർമ്മലമായി, പരസ്പരം നോക്കിയും സ്വന്തം മനസ്സിലേക്ക് നോക്കിയും ചിരിക്കാൻ നമുക്കേവർക്കുമാകട്ടെ. വ്യക്തികളിൽ നിന്ന് കുടുംബങ്ങളിലേക്കും കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും രാജ്യത്തിലേക്കും  പിന്നീട്  ലോകമാകമാനവും ശാന്തമായ ആ ചിരി പടരട്ടെ! ഏവർക്കും ലോകചിരിദിനാശംസകൾ!!