Followers

Monday, November 16, 2015

ധ്യാനം

വിശ്വമാകുമീ വെണ്ണക്കുടം  തന്നി-
ലുള്ള മായാനവനീതമൊക്കെയും 
നീ കവർന്നുവോ  ഇപ്രപഞ്ചത്തിനെ
ചൂഴ്ന്നുനിൽക്കും രഹസ്യങ്ങളൊക്കെയും !

വിണ്ടലം കണ്ടുയരുമെന്നാശകൾ 
കണ്ടു മാറിനിന്നൂറിച്ചിരിച്ചിടാ-
തൊന്നുവന്നെൻറെ കൂടെ നടക്കുക, 
നിൻറെ കൈവിരൽത്തുമ്പാൽ നടത്തുക! 

ഇന്ദ്രിയക്കരിംകാളിന്ദിയിൽ ഫണ-
മായിരം വിരിച്ചാടുന്ന കാളിയ-
സർപ്പമാകുമെന്നാഗ്രഹപാശത്തിൻ 
കെട്ടഴിച്ചെന്നെ മുക്തമാക്കീടുക!

അന്നു നീയുരൽ കെട്ടിവലിച്ച പോ-
ലിന്നു നീയെൻറെ ചഞ്ചലചിത്തത്തെ
എങ്ങുകെട്ടി വലിക്കുന്നു? ഞാനതിൻ 
പിൻപേയോടിക്കിതയ്ക്കുന്നിതെൻ കൃഷ്ണാ ! 

കുഞ്ഞുവായ്‌ തുറന്നന്നു യശോദയെ 
അത്ഭുതത്തിലാറാടിച്ച പോലെയി-
ന്നെന്നിലും  നിന്‍റെ വിശ്വരൂപം പകർ-
ന്നാടുകയെന്നെ  പാടെ മറയ്ക്കുക ! 

കണ്ണടച്ചു ഞാൻ ധ്യാനിച്ചിരിക്കയാ-
ണെന്നിൽ നീയൊളിക്കുന്നിടം കാണുവാൻ 
നീയിരിക്കുന്ന ശ്രീലകമാകുമെൻ 
ഹൃത്തിലേക്കുള്ള പാത തെളിയ്ക്കുക!  

ജീർണമാകുമെൻ ജീവിതത്തിന്നവൽ 
ക്കെട്ടിൽ നിൻ വിരൽത്തുമ്പു മുട്ടീടുകിൽ 
പൂർണമായിടുമെന്നുടെ ജീവിതം  
കൊണ്ടു ഞാൻ ചെയ്ത കർമ്മങ്ങളൊക്കെയും!  

Friday, November 6, 2015

മഴയറിവ്(കുട്ടിക്കവിത)



കുട്ടി:

ഊഴിയിലാദ്യ മഴത്തുളികൾ 
ആരു തളിച്ചെന്നറിയാമോ?
മഴയോ പുഴയോ ആരമ്മേ 
മുമ്പുയിർ കൊണ്ടതു ചൊല്ലമ്മേ!

അമ്മ: 

ആരാരാദ്യം എന്നൊരു പോ-
രുണ്ടാവരുതീ ലോകത്തിൽ 
എന്നു നിനച്ചുടയോനന്നേ 
സൃഷ്ടിച്ചെല്ലാം ചാക്രികമായ്! 


വിത്തിന്നുള്ളിൽ ചെടിപോലെ 
ചെടിയിൽ വിത്തിൻ കുലപോലെ 
ആരു പിറന്നീ ലോകത്തിൽ 
ആദ്യം എന്നത് ആരറിവൂ!

ആദിയുമന്ത്യവുമീശൻ താൻ 
എന്നു നിനച്ചീയുലകത്തിൻ 
മഹിമകൾ കണ്ടേ വളരുക നീ 
അറിവിൻ മണികളണിഞ്ഞീടാൻ 


കുട്ടി:

ഉലകിതിലീശ്വരനരുളുന്നു  
എന്നതു ഞാനിന്നറിയുന്നു 
എങ്കിലുമറിയാൻ കൊതിയമ്മേ 
മഴ പെയ്യും വിധമേതമ്മേ?

അമ്മ: 

സൂര്യൻ തന്നുടെ താപത്താൽ 
മേദിനി തന്നിലെ നീർമണികൾ 
ബാഷ്പാകാരം പൂണ്ടുയരും 
നീരദപാളികളായ് മാറും 

വിങ്ങും മാനവനെഞ്ചം പോൽ 
തിങ്ങും ജലധം ഭാരത്താൽ 
ഘനമതു  താങ്ങാനാകാതെ 
മേഘം കറുകറെയിരുളാകും 

ഭാരം മുഴുവൻ വന്മഴയായ് 
ഭൂമിയിലേക്കു പതിച്ചീടും  
നീർമണിതൻ കുളിർസ്പർശത്താ-
ലുർവ്വരയാകുമിളാദേവി 

സഹവാസത്തിൻ സംഹിതകൾ 
നിറയുമൊരത്ഭുതബ്രഹ്മത്തിൽ 
കഴിയും കൃമിയാം മാനവനോ 
അറിയുന്നില്ലാ സത്യത്തെ!

കുട്ടി: 

പ്രകൃതിയിലീശ്വരചൈതന്യം 
നിറയും നന്മകൾ കാണുമ്പോൾ 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു ! 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു !

Thursday, November 5, 2015

തിരിച്ചുകൊടുക്കൽ

"പഴയ കുപ്പി, പാട്ട,  ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?
പഴയ കുപ്പി,പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?"

"ഉണ്ടേ... ഉണ്ടേ,  ഒന്ന് നിക്കണേ, 
ഒരു പഴയ പുരസ്കാരം...!
കഴിഞ്ഞ തവണ 
പഴയ തുണികൾ കൊടുത്ത്  
നിങ്ങളെ പോലെ മറ്റൊരാളുടെ 
കയ്യിൽ നിന്ന് വാങ്ങിയതാ.

കുറ്റം പറയരുതല്ലോ! 
അത് ഒരു നല്ല  മുതലായിരുന്നു 
എത്ര പേരാ അത് കണ്ട് 
കൊതിച്ചത് !
അഭിനന്ദിച്ചത്,  തലയിലേറ്റി നടന്നത്!
എന്തൊരു അഭിമാനമായിരുന്നു! 
പ്രശസ്തി വാനോളം ഉയർന്നില്ലേ! 
പക്ഷെ, തിരിച്ചിട്ടും മറിച്ചിട്ടും 
ഉപയോഗിച്ച് ഉപയോഗിച്ച് 
ഇപ്പോൾ തേഞ്ഞ് വക്ക് പൊട്ടി 
ആർക്കും വേണ്ടാതായിരിക്കുന്നു.
ഇനി പുതിയതൊന്നു വാങ്ങണം 
ഇതെടുത്ത് പുതിയതൊന്ന് 
തരാനുണ്ടോ? ഇതിലും തിളക്കം ഉള്ളത്?"

"ഓ! പഴയതാണെന്നു വച്ച്  എന്തിനെങ്കിലും പ്രയോജനപ്പെടണ്ടേ !
ഇതിലിനി കാലണയ്ക്കുള്ള ചെമ്പില്ലല്ലോ സാറേ!
ഇത്രയും തേഞ്ഞ് തീരുന്നതിന് മുൻപ് 
തിരിച്ച് തരാമായിരുന്നില്ലേ? 
പിന്നെ ഇതിൻറെ കൂടെ 
വേറെ ചില സാധനങ്ങൾ കൂടെയുണ്ടായിരുന്നില്ലേ?
അതും കൂടി തന്നാൽ...വേണമെങ്കിൽ നോക്കാം"

"ഓ! അതോരോ ആവശ്യങ്ങൾ വന്നപ്പോൾ 
ഞാനെടുത്ത് ഉപയോഗിച്ച് പോയെന്നേ. 
ഇപ്പോൾ ഇതിനെന്ത് കിട്ടുമെന്ന് പറ."


"സാറിനോടുള്ള അടുപ്പം വച്ച് ഞാനിതെടുക്കാം 
പക്ഷേ എനിക്കും എന്തെങ്കിലും പ്രയോജനം വേണ്ടേ. 
അതുകൊണ്ട്...ഇതിൻറെ കൂടെ 
'പുരസ്കാരം തിരിച്ചുനൽകുന്നു' 
എന്നൊരു പ്രസ്താവന ഇറക്കണം 
ബാക്കി കാര്യം ഞാനേറ്റു!!
പിന്നെ... പകരം തരാനിപ്പോൾ അത്ര 
വില കുറഞ്ഞതൊന്നും എൻറെ കയ്യിലില്ല.
പ്രസ്താവനക്ക് എത്ര കിട്ടുമെന്നറിഞ്ഞിട്ട്‌ 
ഞാനിതിലേ വരാം. അപ്പൊ ശരി...

ങഹാ പിന്നെ..., 
ഇപ്പൊ ഈ തിരസ്കാര പ്രസ്താവന ഇറക്കി എന്ന് കരുതി വിഷമിക്കണ്ട. ഇനിയും ആവശ്യമുള്ളപ്പോഴൊക്കെ തിരസ്കരിക്കാം. ചുമ്മാ വായ്‌ കൊണ്ടങ്ങ്  പറഞ്ഞാൽ പോരേ സാറേ , നമുക്കെന്തു പാട്?! 
ഹി ഹി 
........................
........................
പഴയ കുപ്പി, പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?
പഴയ കുപ്പി,പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?"