Followers

Sunday, August 23, 2015

പുസ്തകപരിചയം - ശ്രീ വിത്സൺ ഐസക് തയ്യാറാക്കിയ ദയാബായിയുടെ ആത്മകഥയായ 'പച്ചവിരൽ' എന്ന പുസ്തകത്തിനെ ആധാരമാക്കി എഴുതിയത്

ദയാബായ് - ദയ എന്ന വികാരം നാം മറ്റുള്ളവർക്ക് നേരെ കാണിക്കേണ്ട ഔദാര്യമല്ല, മറിച്ച് നമ്മുടെ പൂർണ മനസ്സാലെ ഉള്ള ഉത്തരവാദിത്തവും ആവശ്യവും ആയിരിക്കണം എന്ന് തൻറെ ജീവിതം മാതൃകയാക്കി സമൂഹത്തോട് വിളിച്ച് പറയുന്ന   വ്യക്തിത്വം. പാലായിലെ പൂവരണിയിൽ ജനിച്ച മേഴ്സി മാത്യു ദയാബായ് ആയതിനു പിന്നിലെ നിശ്ചയദാർഡ്യത്തിൻറെയും സഹനത്തിൻറെയും  നാൾവഴികളിലൂടെ ഉള്ള, ഇപ്പോഴും തുടരുന്ന ഒരു യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഒരിക്കൽ അവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്കായി നടത്തിവരാറുള്ള  വാർഷിക ക്യാമ്പിൽ വച്ച്. അന്ന് അവരെ കുറിച്ച് മനസ്സിൽ വരച്ചിട്ട ചിത്രത്തിൻറെ മിഴിവിൽ ആണ് ഈ പുസ്തകം വായനക്ക് തിരഞ്ഞെടുത്തത്. എന്തായാലും വായന എന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പല തിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്തു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള ഗോത്രവർഗ മേഖലകളിലെ, പ്രത്യേകിച്ചും ഗോണ്ട് വിഭാഗത്തിൽ പെട്ടവരുടെ, അധികം ആരുമറിയാത്ത ജീവിതരീതികൾ ഭംഗിയായി അവതരിപ്പിക്കുന്ന ഈ പുസ്തകം ചെറുതും വലുതുമായ അധികാരക്കോമരങ്ങൾ അവർക്ക് നേരെ നടത്തി വരുന്ന നിരന്തരമായ ചൂഷണങ്ങളുടെ നേർക്കാഴ്ചയാണ്. ആദിവാസികൾക്ക് നേരെയുള്ള  ഇത്തരം ചൂഷണങ്ങൾ   നമ്മുടെ കൂടി പ്രശ്നമാണെന്ന സാമൂഹ്യ പ്രതിബദ്ധത  എന്തുകൊണ്ട് നമ്മിൽ ഉണ്ടാകുന്നില്ല എന്ന കുറ്റബോധം വായനക്കാരിൽ  ഉണർത്താൻ കെൽപ്പുള്ള ഒരു വായന  സമ്മാനിക്കുന്നുണ്ട് പച്ചവിരൽ.  ഒരു സാങ്കൽപ്പിക കഥയേക്കാൾ സംഘർഷഭരിതമായ അനുഭവങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തൽ ആണ് ഈ പുസ്തകം. 


 സ്ത്രീസ്വാതന്ത്ര്യം എന്നത് ആണുങ്ങൾ ചെയ്യുന്നത് മുഴുവൻ ഞങ്ങൾക്കും ചെയ്യണം എന്ന ഇന്നത്തെ തലമുറയുടെ നിരർത്ഥകമായ ദുർവാശിയല്ല, മറിച്ച് തന്റെ ഇടപെടലുകൾ സമൂഹത്തിലെ അധ:സ്ഥിതർക്ക് ഉതകുന്ന വിധത്തിൽ  ചിട്ടപ്പെടുത്താനുള്ള ചങ്കൂറ്റവും അതിനായി തൻറെ എല്ലാ സുഖസൗകര്യങ്ങളുടെയും ധാരാളിത്തത്തി ൻറെയും വേലിക്കെട്ടുകൾ  പൊളിച്ച് പുറത്തു വരലാണെന്നും, അതിലേക്കായി തൻറെ ജന്മം സ്വതന്ത്രമാക്കി  വക്കലാണെന്നും ഉള്ള സന്ദേശം വരികൾക്കിടയിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയും. അങ്ങിനെ ഒരു സ്വാതന്ത്ര്യം വേണമെന്ന് ഒരു സ്ത്രീ എന്നല്ല, മനുഷ്യനായി പിറന്ന ഒരാളും സ്വമനസ്സാലെ  ആഗ്രഹിക്കുക വിരളമാണ്. കാരണം ആ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി, തനിക്കു തോന്നിയ വസ്ത്രം ധരിക്കുന്നത് പോലെയോ, തെരുവിലിറങ്ങി ചുംബിക്കുന്നത് പോലെയോ അത്ര അനായാസകരമല്ല. അത്, സ്വന്തം ജീവിതം അപ്പാടെ, വിജയം ഉറപ്പില്ലാത്ത ഒരു ലക്ഷ്യത്തിനായി  ഉള്ള നഷ്ടപ്പെടുത്തലാണ്. അങ്ങിനെ നഷ്ടപ്പെടുത്താനുള്ള മാനോധൈര്യവും സ്വാതന്ത്ര്യവും  നേടിയെടുത്ത അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളെയാണ് ഈ പുസ്തകം നമുക്ക്പരിചയപ്പെടുത്തുന്നത്.യേശുക്രിസ്തുവിലൂടെയും , ശ്രീബുദ്ധനിലൂടെയും  നാം അറിഞ്ഞ അതേ ത്യാഗം തന്നെയാണ് ദയാബായ് എന്ന വ്യക്തിയിലും നമുക്ക് ദർശിക്കാനാവുക. 


ഈ പുസ്തകത്തിന്‌ 'പച്ചവിരൽ' എന്ന പേര് ഏറ്റവും അന്വർത്ഥമാണ്. ആംഗലേയ ഭാഷയിൽ 
" having a green finger"  അല്ലെങ്കിൽ "having a green thumb"എന്ന്പറഞ്ഞാൽ to be good at keeping plants healthy and making them grow എന്നാണ് അർത്ഥം. അതായത് സസ്യലതാദികളുടെ പരിപാലനത്തിൽ പ്രത്യേക കൈപ്പുണ്യം ലഭിച്ചയാൾ, കാർഷിക വൃത്തിയിൽ കഴിവുറ്റ വ്യക്തി എന്നെല്ലാം അർത്ഥം. അങ്ങിനെ ഒരു പച്ചവിരലുമായി ജനിച്ച ദയാബായിയുടെ ആത്മകഥയ്ക്ക് ഇതിലും അനുയോജ്യമായ പേര് ഇല്ല തന്നെ! പുസ്തകത്തിലെ  പച്ചവിരൽ( മൂന്ന്), പ്രകൃതിക്ക് കൊടുക്കുക (നാല്)  തുടങ്ങിയ അദ്ധ്യായങ്ങൾ കാർഷികവൃത്തിയോട് കുഞ്ഞുമേഴ്സിക്കുണ്ടായിരുന്ന അഭിനിവേശം പിന്നീട് ദയാബായ് എന്ന പേരിലറിയപ്പെടാൻ തുടങ്ങിയ കാലത്ത് പ്രകൃതിയോടു ആകമാനമുള്ള കരുതലും പ്രതിബദ്ദതയും ആയി മാറിയ കഥ പറയുന്നു. സ്കൂൾ പഠന കാലത്ത് നഗരത്തിലേക്ക് വിനോദയാത്ര പോയപ്പോൾ സഹപാഠികൾ റിബണും കണ്മഷിയും മറ്റും വാങ്ങിയ സമയം   കുഞ്ഞുമേഴ്സി വാങ്ങിയത് ഒരു സപ്പോർട്ടച്ചെടിയും കറുവാമരത്തൈയും ആണത്രെ! ടീച്ചർമാരും, കൂട്ടുകാരും ബന്ധുക്കളും കളിയാക്കിയപ്പോഴും പപ്പയുടെ വാക്കുകളിൽ അഭിനന്ദനം! ആ പ്രോത്സാഹനം എന്നും മേഴ്സിക്ക് കരുത്തേകി. "കൃഷി ജൈവപരമായ ഒരു കർമ്മമായിരിക്കണമെന്ന തീർച്ച", ബറൂളിലെ ഗോത്രഗ്രാമങ്ങളിലെ  മണ്ണു സംരക്ഷണത്തിൻറെയും ജലസംരക്ഷണത്തിൻറെയും പ്രകൃതിപാഠങ്ങൾക്ക് അടിവളമായി.  "ബഹൻജി , നിന്റെ പുണ്യഭൂമിയുടെ മുന്നിലൂടെ പോകുമ്പോൾ മാത്രം ചൂടുകാലത്തും പ്രത്യേകമായ തണുപ്പാണ്" എന്ന്  ബറൂളിലെ ഗ്രാമീണർ പറയുന്നതായുള്ള ആ വാചകം വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിലും ആ തണുത്ത കാറ്റടിക്കും.


മേഴ്സിയുടെ ത്യാഗം ആ അച്ഛനമ്മാമാരുടേത്‌  കൂടിയാണ്. തൻറെ മകൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അല്ലെങ്കിൽ സമൂഹം നിർവചിച്ചിട്ടുള്ള വഴിയിലൂടെ  മാത്രം  മുന്നേറണമെന്ന് അവർ ശഠിച്ചിരുന്നെങ്കിൽ മേഴ്സി , നാട്ടുനടപ്പിനൊത്ത പദവികളും പ്രതാപവും  എടുത്തു ചാർത്തിയ ഒരു സാധാരണക്കാരി മാത്രമേ ആവുമായിരുന്നുള്ളൂ. 

 ദയാബായ്  'ഹ്യൂമൻ ഫേസസ്' എന്ന കവിത എഴുതാനിടയായ സംഭവം വിവരിക്കുന്നുണ്ട്, 'കഹാം ജാ രഹീ ഹേ ' എന്ന അധ്യായത്തിൽ. ഒരു ശരാശരി മലയാളി മറ്റുള്ളവരെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോലുകൾ കൃത്യമായി വരച്ചുകാട്ടിയിരിക്കുകയാണ് ചുരുങ്ങിയ വാചകങ്ങളിൽ. പുതിയ കാലത്തിൻറെ പരിഷ്കാരക്കോലം കെട്ടാത്ത മനുഷ്യജീവികളെ "സാധനമായി" മാത്രം കാണുന്ന മലയാളിയുടെ  കാഴ്ചപ്പാടിൻറെ  നേർചിത്രമാണത്. 

പുറംലോകത്തിലെ പരിഷ്ക്കാരികളായ മനുഷ്യരെ എന്നും സംശയത്തോടെയും ഭയത്തോടെയും മാത്രം നോക്കുന്ന ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ അവരുടെ വിശ്വാസവും സ്നേഹവും പിടിച്ചെടുത്തെങ്കിലേ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനാവൂ എന്ന് ദയാബായ്ക്ക് അറിയാമായിരുന്നു. അതിനാൽ തനിക്ക് ലഭിച്ചേക്കുമായിരുന്ന ആർഭാടവും സൗകര്യങ്ങളും സ്വമനസ്സാലെ ഉപേക്ഷിച്ച്, വേഷം കൊണ്ടും മനസ്സ് കൊണ്ടും ജീവിതരീതികൾ കൊണ്ടും അവരിൽ ഒരാളായി  മാറുകയായിരുന്നു  ദയാബായ്.

 അധികാരവർഗത്തിൻറെ അനീതിക്കെതിരെയുള്ള തുറന്ന യുദ്ധമാണ് ദയാബായുടെ ജീവിതം. അതുകൊണ്ട് തന്നെ അവർക്കെതിരെ പല ആക്രമണങ്ങളും കള്ളക്കേസുകളും ഉണ്ടായി.  

ഗോണ്ടുകൾക്കിടയിലും  മറ്റു ആദിവാസി ഗോത്രങ്ങളിലെ ഗ്രാമീണർക്കിടയിലും ആദിവാസികളുടെ  അവകാശങ്ങളെ കുറിച്ച് നടത്തിയ ബോധവൽക്കരണപ്രവർത്തനങ്ങളുടെ വിവരണങ്ങൾ നമുക്ക് കാട്ടിത്തരുന്നത് അധികാരത്തിന്റെ കോട്ടകൾ അടക്കിവാഴുന്ന ജന്മികളുടെയും അവർക്ക് ദാസ്യവൃത്തി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും തനിനിറമാണ് . പലരുടെയും പേരുകൾ സഹിതം പരാമർശിച്ചിട്ടുണ്ട് പുസ്തകത്തിൽ.

ദയാബായുടെ അനുഭവങ്ങളുടെ ഭാണ്ഡം അഴിയുന്ന പലയിടത്തും നമുക്ക് നെഞ്ചിടിപ്പ് ഉയരും. അത്തരത്തിൽ ചിലതാണ് ബസൂരി ഗോത്രവർഗ ഗ്രാമത്തിലെ ചെറുപ്പക്കാരനും നല്ലവനുമായ പഞ്ചായത്ത് മെമ്പറും കുഞ്ഞും ഗുണ്ടകളുടെ ആക്രമണത്തിൽ ദാരുണമായി കൊല ചെയ്യപ്പെടുന്നതും (പേജ് 63,64) , ബംഗ്ലാദേശ് യുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ സന്നദ്ധ സേവനം നടത്തുന്നതിനിടെ അവിടെ നടന്നതായി പറയുന്ന ക്രൂരക്രുത്യങ്ങളുടെ വിവരണവും.(പേജ് 85)


തിൻസൈ  ഗോത്ര ഗ്രാമത്തിൽ പ്രവർത്തിക്കുമ്പോൾ ദയാബായിക്കെതിരെ ഫോറെസ്റ്റു കാർ ചമച്ച  കള്ളത്തടിക്കേസ് സംഭവം (അദ്ധ്യായം 13), ഷാജികൈലാസ് സിനിമകളിൽ നായകനെതിരെ ഭീരുക്കളായ വില്ലന്മാർ കള്ളക്കേസുണ്ടാക്കി   അവസാനം തോറ്റ് തലയൂരുന്ന രംഗങ്ങളെ ഓർമിപ്പിച്ചത് ചിരിയുണർത്തി.


പുസ്തകത്തിൻറെ അവസാനത്തിൽ ഗ്രന്ഥ കർത്താവ്‌ വിത്സൺ  ഐസക് ചേർത്തിരിക്കുന്ന അനുബന്ധവും ഏറെ വിജ്ഞാനപ്രദമാണ്.


ഒരു വിധത്തിലുള്ള സ്വാർത്ഥ, രഹസ്യ താൽപ്പര്യങ്ങളുമില്ലാതെ  സ്വയം അർപ്പിച്ച് സഹജീവികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണം എന്ന സ്വപനം ഉള്ളിൽ സൂക്ഷിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ നമുക്കിടയിൽ വംശം നിന്നുപോയിട്ടില്ലെങ്കിൽ അവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. കച്ചവട താൽപ്പര്യം നോക്കാതെ ഇത്തരത്തിൽ ഒരു പുസ്തകം തയ്യാറാക്കി വായനക്കാർക്ക് എത്തിച്ചതിൽ ശ്രീ വിത്സൺ ഐസക്കും  പ്രസാധകനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 

ഒരു നല്ല വായന ആശംസിച്ചുകൊണ്ട് 
സസ്നേഹം ഗിരിജ നവനീത്




Monday, August 17, 2015

സമീരം



സന്ധ്യനേരത്തു ചൂളംവിളിച്ചൊരു 
തല്ലുകൊള്ളിക്കാറ്റ് മൂളിപ്പറക്കുന്നു 
ചാരിയിട്ടൊരു ജാലകച്ചില്ലിലൂ -
ടൊച്ച വച്ചവനുള്ളിൽ കയറുന്നു 
ഉമ്മറത്തമ്മ കത്തിച്ചു വച്ചൊരു 
ഓട്ടുനിലവിളക്കൂതിക്കെടുത്തിയും 
ഭംഗിയായിട്ടടുക്കിയ പൂമുഖം 
ഒറ്റയോട്ടത്തിനാകെയുലയ്ക്കുന്നു 

കൊച്ചുതെമ്മാടിയെന്നുള്ള പേരിവ -
നുണ്ടു പണ്ടുപണ്ടേയുള്ള നാൾമുതൽ
പാതിരാവിലും കൂടണയാത്തൊരു 
ഊരുതെണ്ടിയീ പേടിയില്ലാത്തവൻ 

പൂത്തുലഞ്ഞ പൂവാടികൾ തോറുമേ
പാത്തുനിന്നു കവരുന്നു  പൂമണം
കട്ടെടുത്തൊരാ ഗന്ധം പരത്തിയും 
ഇന്ദ്രിയങ്ങളെ പാടേ മയക്കിയും 
പൂമ്പരാഗം പറത്തി, പ്രണയത്തി-
ലാണ്ട പൂക്കളിൽ വിത്തുരുവാക്കിയും 
ലാസ്യമോടെ നടക്കും ശുഭാംഗിതൻ 
ചാരുകേശത്തിലോടിക്കളിപ്പവൻ 


മാരിയിൽ നനയാൻ മടിച്ചോടി വ-
ന്നേറുമാടത്തിലേറും കിടാങ്ങളെ
ഏറുകണ്ണാൽ വികൃതി നിറച്ചുകൊ-
ണ്ടാകെയീറനുടുപ്പിച്ചു വീശിയും  
കാട്ടിലെ മുളംകൂട്ടിലൊളിച്ചിരു  -
ന്നീറയൂതുന്ന കാലിച്ചെറുക്കാനായ് 


കള്ളനെന്ന പേരുണ്ടിവനെങ്കിലും 
ഉള്ളലിവേറും  തലോടലീ മാരുതൻ 
അമ്മയാം പ്രകൃതിയ്ക്കൊന്നു നോവുകിൽ 
കാറ്റവൻ  ചുഴലിക്കടലായിടും  
നല്ലവനിവൻ, സഞ്ചരിച്ചീടുന്നു  
പാരിനാകെയും പ്രാണൻ കൊടുക്കുവാൻ 
വേഗമേറിയും മന്ദമായ് വീശിയും 
പാശമോടെയൊഴുകും   സമീരണൻ...  

Friday, August 14, 2015

യന്ത്രപ്പാവകൾ


ഇക്കൊച്ചു കുട്ടികളൊക്കെയുമെന്തീ
ചുമരുകൾക്കുള്ളിലൊളിച്ചിരിപ്പൂ സദാ?
ഇപ്രപഞ്ചത്തിലെക്കാണായ കാഴ്ചകൾ
നിങ്ങളെത്തേടിയല്ലോ തളിർപ്പൂ മുദാ!

കയ്യിൽ പലവിധ യന്ത്രങ്ങൾ, ഞെക്കിയാൽ
മുന്നിൽത്തെളിയുന്നു  ബ്രഹ്മാണ്ഡവുമതിൽ
ലോകം വിരൽത്തുമ്പിലായെന്നു കേമത്ത-
മോടെ ഞെളിയുന്നു പുത്തൻതലമുറ

സൃഷ്ടിതൻ നാദം ശ്രവിക്കാതെ കാതുകൾ -
ക്കുള്ളിൽത്തിരുകും ശ്രവണസഹായികൾ
സത്യമായ് ബ്രഹ്മമരികത്തു നിൽക്കിലും
പഥ്യമവർക്കതു ചിത്രമായ് കാണുവാൻ!

ചുറ്റിലും പൂത്തും തളിർത്തും കതിർക്കുല-
യേന്തിയ വൃക്ഷലതാദികൾ തേടുന്നു  
കുഞ്ഞുകരങ്ങൾ തൻ ലാളനത്തിൻ സുഖം
കിട്ടാക്കനിയതെന്നുള്ളു പറകിലും

ആടുന്ന വള്ളിയൂഞ്ഞാലുകൾ കാറ്റിനോ-
ടൊപ്പം തിരയുന്നു കൊച്ചുസതീർത്ഥ്യരെ,
തേനിനായ് പുഷ്പങ്ങൾതോറും തിരയും
ശലഭങ്ങൾ കൂട്ടിനായ് തേടുന്നു നിങ്ങളെ

പാട്ടു പഠിപ്പിച്ചിടുവാൻ വിളിക്കുന്നു
വീട്ടുതൊടിയിലെ പക്ഷികൾ കുഞ്ഞിനെ,
തോടും പുഴകളും തീരത്തിലെങ്ങുമേ  
പൈതങ്ങളാം കളിത്തോഴരെത്തേടുന്നു

കുട്ടികൾ വന്നുതൊടുന്നതും കാത്തുകാ-
ത്തുന്മേഷമറ്റു തൊട്ടാവാടി നിൽക്കുന്നു, 
മുറ്റത്തു കെട്ടിക്കിടക്കും മഴവെള്ള -
മോർക്കുന്നു കുഞ്ഞിൻ കടലാസുതോണിയെ

മാനത്തു വില്ലു വിരിയിച്ചുനിൽക്കുന്നൊ -
രേഴു നിറങ്ങളും ചോദിച്ചു നിങ്ങളെ
അത്ഭുതം കൂറുന്ന പിഞ്ചുമിഴികളെ
കണ്ടിട്ടു നാളുകളേറെയായെന്നവർ

തെക്കോട്ടു നീളുന്ന കുഞ്ഞുറുമ്പിൻ നിര
കുഞ്ഞിക്കുറുമ്പരെ കാണാൻ കൊതിച്ചു പോയ്‌,
മണ്ണിൽ ചെറുകുഴിയ്ക്കുള്ളിൽ കുഴിയാന
ബാലകരെക്കാത്തു കണ്ണു കഴച്ചുപോയ്‌

എങ്ങുപോയ്‌ കാണായ കുഞ്ഞുങ്ങളൊക്കെയെ-
ന്നിപ്രകൃതീശ്വരി സങ്കടംചൊല്ലുന്നു
നേരായ കാഴ്ചകൾ കാണാതെ നേരിനെ
മൂടും നിഴലിനെക്കണ്ടു ഭ്രമിപ്പവർ!

തൊട്ടരികത്തിരുന്നീടും സുഹൃത്തിനെ 
ചിത്രങ്ങൾ നോക്കിത്തിരിച്ചറിയുന്നവർ !
കാണാമറയത്തിരുന്നു മിണ്ടുന്നവർ
നേരിട്ടു കാണവേ മൗനം ഭജിപ്പവർ!  

എന്തൊരു  ജീവിതശൈലിയീ ലോക-
മിതെങ്ങോട്ടു നമ്മളെക്കൊണ്ടുപോയീടുന്നു ?
യന്ത്രലോകത്തിന്നടിമകളായി നാം 
യന്ത്രങ്ങൾ തന്നെയായ് തീരുന്നുലകിതിൽ 

കാഴ്ചകൾ കാണുവാൻ കണ്ണു തന്നീശ്വരൻ
ശബ്ദം ശ്രവിക്കുവാൻ കാതുകൾ  തന്നവൻ
കണ്ടതും കേട്ടതും സൂക്ഷിച്ചുവയ്ക്കുവാ-
നേറ്റം സുരക്ഷിതം ഹൃത്തടം തന്നവൻ

തന്നുള്ളിലുള്ളൊരീ ജീവചൈതന്യത്തെ-
യിപ്പുതുനാമ്പുകളെന്തറിയാതെയായ്?
കൃത്രിമ ബുദ്ധിയ്ക്കടിയറ വച്ചുപോയ്
കുഞ്ഞുപൈതങ്ങൾതൻ ചിന്തയാം മൊട്ടുകൾ

കഷ്ടമെന്നേ പറയാവൂ പ്രകൃതിയെ
കാണാത്ത കണ്ണിലെക്കൂരിരുൾ കാണവേ
എത്ര ഹതഭാഗ്യർ, തൊട്ടു നിൽക്കുന്നൊരീ
വിശ്വമാം വിസ്മയം തൊട്ടറിയാത്തവർ!











Thursday, August 13, 2015

കർമ്മപ്രകാശം

ഗൂഗിൾ ചിത്രം

















വെളിച്ച മണഞ്ഞ,ണഞ്ഞിരവിലൊരു *
തെളിച്ചമൊടു മിന്നാമിന്നി വൃന്ദം 
ഉഡുക്കളിടവേളയിളവേൽക്കുവാനി-
ന്നൂഴി തന്നിതിങ്കലിറങ്ങി വന്നോ?!

മിന്നി മിന്നി വിറയാർന്നു പാറുമൊരു 
മിന്നലിൻറെ പിണരെന്ന  ചന്തമോടെ 
മന്നിലെ  തിമിരമൊന്നുടയ്ക്കുവതി- 
നുടയവന്നവനുര ചെയ്തയച്ചതാമോ?

കനത്തു നിൽക്കുമീരാക്കൂരിരുട്ടിനുള്ളിൽ 
കടുപ്പമിച്ചെറു വെട്ടമിറങ്ങിടാനായ്‌
മടുത്തു പോകുവതില്ല മരിക്കുവോള-
മടുത്തു ലക്ഷ്യമതു ലഭിക്ക തന്നെ വേണം 

ഇപ്രപഞ്ചമതിലായ്‌പ്പിറന്നുവരിയ 
കീട ജന്മവുമതിനൊത്ത ലക്ഷ്യമോടെ 
ഇജ്ജഗത്തിലൊരു പാഴിലയ്ക്കുമൊരു 
കർമ്മമുടയവനതു  കണ്ടുവച്ചിടുന്നു !  

തിരിച്ചറിഞ്ഞു പരമാർത്ഥ കർമ്മമിഹ 
പരത്തിലിച്ചെറിയ പ്രാണി പോലുമെന്നോ!
ഈശനേകിയൊരു ജൈവദീപ്തിയാ-
ലുലകിലെയിരുളിനോട് മല്ലിടുന്നു !

മരിച്ചുപോകുവതിനടുത്തു നാളുമുട -
നൊത്തു നിന്നു മിന്നിത്തെളിഞ്ഞിടേണം
ഒരു പൊട്ടു വെട്ടമതു വീണിരുൾക്കടലി -
ലലിഞ്ഞുവെങ്കിലുയിരെത്ര ധന്യമെന്നോ!

മേന്മയേറുമീ മർത്യജന്മമിതി-
ലെത്ര നിഷ്ക്രിയം നാം വസിച്ചിടുന്നു !
ഉണ്മയെന്നുമകമേ തെളിഞ്ഞിടുകി-
ലുള്ളിലുള്ള തിരിയുജ്ജ്വലിച്ചു നിൽക്കും. 

[*ആദ്യവരിയിൽ ആദ്യം വരുന്ന  'അണഞ്ഞു' എന്ന വാക്ക് കെട്ടു എന്ന് അർത്ഥമാക്കുമ്പോൾ രണ്ടാമത് വരുന്ന 'അണഞ്ഞു' എന്ന വാക്ക് എത്തിച്ചേർന്നു എന്ന് അർത്ഥമാക്കുന്നു.]