Followers

Friday, December 7, 2012

വാക്ക്

വാക്കെന്ന വാക്കിന്‍റെ-
യാഴമറിയണം,
വായ്‌വിടും വാക്കിനെ
സൂക്ഷിച്ചുകൊള്ളണം

ഒരുവാക്കിലെന്തിത്ര
ചൊല്ലുവാനെന്നല്ല,
വാക്കിലാണെല്ലാം
വാക്കാണു സര്‍വ്വവും!

പറയുന്ന നേരത്തു
ചെറുതെന്നു തോന്നിടും
ചിലനേരം വാക്കുകള്‍
മലപോലെ നിന്നിടും!

വാക്കുകള്‍ കൊണ്ടൊരു
യുദ്ധം പിറന്നിടാം,
വാക്കുകള്‍തന്നെ
സമാധാനമായിടാം.

കനിവിന്‍റെ വാക്കുകള്‍,
വിനയത്തിന്‍ വാക്കുകള്‍,
അറിവിന്‍റെ വാക്കുകള്‍,
പൊരുളുളള വാക്കുകള്‍;

പകയുളള വാക്കുകള്‍,
പരിഹാസവാക്കുകള്‍,
മുനയുള്ള വാക്കുകള്‍,
വിനയാകും വാക്കുകള്‍...

വാക്കുകള്‍ ചെന്നു-
തറയ്ക്കുന്ന ദിക്കുകള്‍
ചുടുനിണം വാര്‍ന്നു
തളര്‍ന്നു ചുവന്നിടാം.

വായ്‌വിട്ട വാക്കുകള്‍
വാള്‍ത്തലപ്പായിടും,
വാഴ്വിൻറെ  നേര്‍ക്കതു 
വാളോങ്ങി നിന്നിടും.

പലതുണ്ടു വാക്കുകള്‍,
മറയുള്ള വാക്കുകള്‍,
അമൃതെന്നു തോന്നിടും
വിഷമുള്ള വാക്കുകള്‍!

വാക്കിന്‍റെയുണ്മ
തിരിച്ചറിഞ്ഞീടണം,
വാക്കില്‍പ്പതുങ്ങും
ചതിയുമറിയണം.

വാക്കു പാലിക്കുവാന്‍
ധൈര്യമുണ്ടാകണം,
വാക്കു പിഴയ്ക്കാതെ-
യോര്‍ത്തുനടക്കണം.

ഒരു വാക്കില്‍ * നിന്നുല്‍ -
ഭവിച്ചോരു ബ്രഹ്മവും
വാക്കാല്‍ നശിച്ചിടാ -
മശ്രദ്ധമാവുകില്‍!

വാക്കുകള്‍ക്കുള്ളില്‍
വെളിച്ചം നിറയ്ക്കണം
ഇരുള്‍നീക്കി വാക്കിന്‍
തിരി തെളിച്ചീടണം.

***************

('ഓം'  എന്ന വാക്കിൽനിന്നു പ്രപഞ്ചം ഉത്ഭവിച്ചു എന്നു ഹൈന്ദവവിശ്വാസം. )